സതി ചെമ്പകവല്ലി
രക്ഷകിമാരായ യക്ഷികളുടെ ആരാധനാലയങ്ങൾ ധാരാളം ഉള്ളതും അവരുടെ ചരിത്രങ്ങൾ ഉൾക്കൊള്ളുന്ന തെക്കൻ പാട്ടുകൾ പ്രചരിച്ചിരുന്നതും ആയ നാടാണ് തെക്കൻ തിരുവിതാംകൂർ. വളരെ പ്രസിദ്ധ ക്ഷേത്രമായ കുമാരകോവിലിനു പടിഞ്ഞാറുള്ള മേലാംകോട് ശിവക്ഷേത്രത്തിന്റെ പുറം മതിലിനോട് ചേർന്നുള്ള മേലാംകോട് യക്ഷി അമ്മൻ ക്ഷേത്രവും (അക്കാളമ്മൻ ക്ഷേത്രം ) അതിന് വടക്ക് ഭാഗത്തുള്ള മേലാംകോട് നീലി ക്ഷേത്രവും (തങ്കച്ചി കോവിൽ ) അവയിൽ പ്രധാനപ്പെട്ടവയാണ്. ഇതിൽ മേലാങ്കോട് യക്ഷിയമ്മൻ കോവിലിൽ മൂന്ന് പ്രതിഷ്ഠകൾ ആണുള്ളത്. സതി ചെമ്പകവല്ലി, കുലശേഖരൻ തമ്പുരാൻ, സതി വടുവുച്ചിയമ്മ എന്നിവയാണ് അവ. അതിൽ സതി ചെമ്പകവല്ലിയാണ് മേലാംകോട്ട് യക്ഷിയമ്മൻ ആയി അറിയപ്പെടുന്നത്.
ആരുവാമൊഴിക്ക് കിഴക്ക് തിരുനെൽവേലി ജില്ലയിലെ വള്ളിയൂർ പ്രദേശവും തിരുവിതാംകോടിന്റെ തലസ്ഥാനമായ പത്മനാഭപുരവും ആണ് സതി ചെമ്പകവല്ലി പാട്ടിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. അനന്തൻ കുട്ടി എന്ന ബ്രാഹ്മണ യുവാവ് തനിക്ക് അനുയോജ്യയായ വധുവിനെ അന്വേഷിച്ചു വള്ളിയൂരിൽ എത്തുകയും അവിടെ ശംഖപുരി ഗ്രാമത്തിൽ നിന്നും ചെമ്പകവല്ലി എന്ന സുന്ദരിയായ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞു ഏഴാം നാൾ ചെമ്പകവല്ലിയെയും കൂട്ടി തന്റെ നാട്ടിലേക്ക് പോകാൻ തുടങ്ങിയപ്പോൾ കൈയിലെ ധനം ഉപയോഗിച്ച് കുലതൊഴിലായ ജൗളി കച്ചവടം നടത്തി അവിടെ കഴിയാം എന്ന് അവൾ ഉപദേശിക്കുകയും അങ്ങനെ അനന്തൻകുട്ടി പട്ടർ ജൗളി വ്യാപാരം വഴി ധാരാളം പണം സാമ്പദിക്കുകയും ചെയ്തു.
അക്കാലത്ത് വള്ളിയൂരും പരിസരത്തും മുകിലൻമാരുടെ ആക്രമണം പതിവായിരുന്നു. അവരുടെ കൊള്ളയും ആക്രമണവും ഭയന്ന് അനന്തൻകുട്ടി പട്ടരും മറ്റുള്ളവരും വേണാട് ഭരിച്ചിരുന്ന കുലശേഖര പെരുമാളെ ചെന്ന് കാണുകയും അദ്ദേഹം അവരെ പദ്മനാഭപുരത്തെ നീലകണ്ഠസ്വാമി ക്ഷേത്രത്തിനു മുൻപിലുള്ള തെപ്പകുളത്തിന്റെ കിഴക്ക് ഭാഗത്തു ആയി ആഗ്രഹാരം കഴിപ്പിച്ചു കുടിയിരുത്തി. അവിടെ വച്ച് അനന്ത കുട്ടിപ്പട്ടർ തന്റെ വ്യാപാരമൊക്കെ അങ്ങ് വടക്കൻ നാടുവരെ വ്യാപിപ്പിച്ചു .
ഒരിക്കൽ അനന്തൻ പട്ടരും കൂട്ടരും വടക്കൻ നാടുകളിൽ പോയി വ്യാപാരം ചെയ്തു ധാരാളം പണവുമായി മടങ്ങി വരുന്ന വഴി വൈക്കത്തിനടുത്ത് ഉദയനാപുരത്ത് വച്ച് കൊള്ളക്കാരാൽ ആക്രമിക്കപ്പെട്ടു. ആ ആക്രമണത്തിൽ അനന്തൻ പട്ടർ കൊല്ലപ്പെടുന്നു . കൂടെയുള്ളവർ മൃതദേഹം അവിടെ ദഹിപ്പിച്ച് പട്ടരുടെ ഒരു വിരൽ മുറിച്ചു കൊണ്ടുവന്നു. തന്റെ ഭർത്താവ് കൊലചെയ്യപ്പെട്ടതായി അറിഞ്ഞ ചെമ്പകവല്ലി ലാളിക്കാൻ ഒരു സന്താനം പോലുമില്ലാതെ അഗ്രഹാരത്തിന്റെ അകത്തളങ്ങളിൽ എവിടെയെങ്കിലും തല മുണ്ഡനം ചെയ്തു കഴിയുന്നതിലും ഭേദം മരിക്കുന്നതാണെന്ന് തീർച്ചയാക്കി.
അവർ മഹാരാജാവിൽ നിന്ന് അനുമതി വാങ്ങി ഉടന്തടിയേറുവാൻ(സതി അനുഷ്ടിക്കുക) ഉറപ്പിച്ചു പത്മനാഭപുരത്ത് തന്നെ താമസിച്ചിരുന്ന മഹാരാജാവ് കുലശേഖര പെരുമാളെ ചെന്ന് കണ്ട് കാര്യം ഉണർത്തിച്ചു. എന്നാൽ മഹാരാജാവ് അവരുടെ ആവശ്യം അംഗീകരിച്ചില്ല. അവർക്ക് തുടർന്ന് ജീവിക്കാൻ ആവശ്യമായ ധനവും പൊന്നും നിലവും പുരയിടങ്ങളും ഒക്കെ വാഗ്ദാനം ചെയ്തു. പക്ഷെ പതിവ്രതാരത്നമായ അവർ അതൊന്നും സ്വീകരിച്ചില്ല എന്ന് മാത്രമല്ല ഒരു വിധവക്ക് അന്നത്തെ സമൂഹത്തിൽ നേരിടേണ്ടി വരുന്ന മാനസിക പീഡനങ്ങളും അവഗണനയും അസഹനീയം ആണെന്നും സതി അനുഷ്ടിക്കാൻ അനുവദിക്കാതെ അവിടെ നിന്നും പോകില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. അവസാനം മഹാരാജാവിനു അവരുടെ ഉറച്ച തീരുമാനം അംഗീകരിക്കേണ്ടി വരുകയും അഗ്നി പ്രവേശത്തിനുള്ള അനുമതി നൽകുകയും ചെയ്തു.
രാജാജ്ഞപ്രകാരം ഉദയഗിരി കോട്ടക്കകത്ത് അരയാലിന്റെ ചുവട്ടിൽ സതി നടത്താൻ അഗ്നി ഒരുക്കുകയും വൃതശുദ്ധിയോടെ, പഞ്ചവാദ്യത്തിന്റെയും വായ കുരവയുടെയും അകമ്പടിയോടെ ചെമ്പകവല്ലി പൊന്നുകൊണ്ടുള്ള അമ്മാനയാടി കൊണ്ട് അവിടെയെത്തുകയും അവ തീയിലേക്ക് എറിഞ്ഞ ശേഷം മൂന്ന് വലതു വച്ച് പരമേശ്വരനെ പ്രാർത്ഥിച്ചു കൊണ്ട് അഗ്നി പ്രവേശം ചെയ്തു. വിശ്വാസമനുസരിച്ച് ചെമ്പകവല്ലിയുടെ ആത്മാവ് കൈലാസത്തിൽ എത്തുകയും ശിവനിൽ നിന്നും അനേകം വരങ്ങൾ വാങ്ങി യക്ഷിയമ്മൻ ആയി പുനരവതരിക്കുന്നു. കണ്ണകിയെ പോലെ പതിവ്രത രത്നമായ ഈ ദേവതയെ ആലിൻ ചുവട്ടിൽ ജനങ്ങൾ പൂജിക്കുകയും നാളുകൾ കഴിഞ്ഞ് മേലാങ്കോട് ഇപ്പോഴുള്ള യക്ഷിയമ്മൻ കോവിലിൽ പ്രതിഷ്ഠ നടത്തി പൂജിച്ചു വരുന്നു. പിൽക്കാലത്ത് ചെമ്പകവല്ലിയുടെ പിന്മുറക്കാരിൽ പലരും പദ്മനാഭപുരത്തു നിന്നു പല സ്ഥലങ്ങളിലേക്കും മാറിപ്പാർത്തപ്പോൾ അവർ വസിക്കുന്ന അഗ്രഹാരങ്ങളിലും മറ്റും കുലരക്ഷകിയായി ചെമ്പകവല്ലിയ്ക്കു സ്ഥാനം നൽകി ആരാധിച്ചു പോന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ