മേലാംകോട് നീലി /തങ്കച്ചി കോവിൽ യക്ഷി അമ്മൻ

 

        മേലാംകോട് നീലി /തങ്കച്ചി കോവിൽ യക്ഷി അമ്മൻ
കന്യാകുമാരി ജില്ലയിൽ തക്കലയ്ക്കടുത്തുള്ള മേലാങ്കോടു ശിവക്ഷേത്രത്തിനടുത്തായി രണ്ടു യക്ഷിയമ്മൻ കോവിലുകൾ കാണാം. ശിവക്ഷേത്രത്തിനു തൊട്ടരികിൽക്കാക്കുന്ന യക്ഷിയമ്മൻ കോവിലിൽ സതി ചെമ്പകവല്ലി അമ്മാളാണ് പ്രധാന പ്രതിഷ്ഠ. ഈ യക്ഷിയമ്പലത്തെ മേലാങ്കോട്ടുചേട്ടത്തിയമ്മൻ കോവിൽ ( അക്കാളമ്പലം) എന്നാണ് ഭക്തർ വിളിക്കുന്നത്. ഇവിടെ നിന്നു കുറച്ചകലെയായി തങ്കച്ചിക്കോവിൽ എന്നറിയപ്പെടുന്ന യക്ഷിയമ്പലം കാണാം. ഇവിടെത്തെ മുഖ്യ പ്രതിഷ്ഠ മേലാങ്കോട്ടു നീലിയെന്ന് അറിയപ്പെടുന്ന നീലമ്മപ്പിള്ള തങ്കച്ചി (കൊച്ചുമ്മിണിത്തങ്ക) ആണ്. തിരുവിതാം കോട് രാജാവായ ശ്രീ രാമവർമ്മ ( 18 നൂറ്റാണ്ട് ) ഒരിക്കൽ ശുചീന്ദ്രത്തു ക്ഷേത്രത്തിൽ തേരോട്ടം കാണാൻ എഴുന്നള്ളി. അവിടെ വച്ചു അഭിരാമി എന്ന സുന്ദരിയെക്കണ്ടു ബോധിച്ച മഹാ രാജാവ് അവൾക്കു പട്ടും പരിവട്ടവും കൊടുത്ത് കെട്ടിലമ്മയാക്കി. ആ ബന്ധത്തിൽ വലിയ തമ്പി , കുഞ്ചു തമ്പി, നീലമ്മപ്പിള്ളത്തങ്കച്ചി (കൊച്ചുമ്മിണിത്തങ്ക) എന്നീ മക്കൾ ജനിക്കുന്നു . അദ്ദേഹം പുത്രന്മാരായ തമ്പിമാർക്ക് വിശേഷാധികാരങ്ങൾ നൽകി. എന്നാൽ രാമവർമ്മ രോഗബാധിതനായി നാടുനീങ്ങിയതിനെ തുടർന്ന് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ചിറവാ ( തിരുവിതാംകോട് ) മൂപ്പനായി അധികാരമേറ്റു. നാളുകൾക്കു ശേഷം മാർത്താണ്ഡവർമ്മയും തമ്പിമാരും തമ്മിൽ പിണങ്ങുകയും അവരുടെ അധികാരങ്ങൾ നിർത്തലാക്കുകയും ചെയ്തു. ഇതിൽ കുപിതരായ തമ്പിമാർ മാടമ്പിമാരുമായി ചേർന്ന് രാജാവിനെതിരെ വിപ്ലവം സൃഷ്ടിക്കുകയും അതിൽ പക തോന്നി ഈ തമ്പിമാരെ എങ്ങനെയും ഇല്ലാതാക്കാൻ മാർത്താണ്ഡവർമ്മ തീർച്ചപ്പെടുത്തുകയും ചെയ്തു. അവരെ നാഗർകോവിൽ കൊട്ടാരത്തിൽ വിളിച്ചു വരുത്തി കൊല്ലിച്ചു . ഇതറിഞ്ഞ അഭിരാമിയും അവരുടെ സഹോദരനും മരണം വരിച്ചു. ഉറ്റവരെല്ലാം നഷ്ടപ്പെട്ട നീലമ്മപ്പിള്ള തങ്കച്ചി അധികാര മോഹിയായ രാജാവിനെയും രാജ്യത്തെയും ശപിച്ചു. എന്നാൽ പെറ്റ നാടിനെ ശപിച്ചതിൽ അവർ പശ്ചാത്തപിച്ചു കൊണ്ട് ശാപം ചൊരിഞ്ഞ നാവിനെ പിഴുതെടുത്ത് ആത്മാർപ്പണം ചെയ്തു. ഇതെല്ലാമറിഞ്ഞ രാജാവിന് കുറ്റബോധം തോന്നുകയും രാത്രികൾ ഉറക്കമില്ലാത്തവയായി മാറുകയും ദു:സ്വപ്നങ്ങൾ പലതും കാണുകയും ഉണ്ടായി. മനഃസമാധാനം നഷ്ടപ്പെട്ട അദ്ദേഹം ഇത് കൊച്ചുമ്മിണി തങ്കയുടെ ശാപഫലമാണെന്നു മനസ്സിലാക്കി മന്ത്രി മുഖ്യനായ രാമയ്യൻ ദളവയുടെ ഉപദേശപ്രകാരം മാന്ത്രികന്മാരെ വരുത്തി കർമ്മങ്ങൾ നടത്തി പദ്മനാഭപുരത്തിനടുത്തുളള മേലാങ്കോട്ടു സതി ചെമ്പകവല്ലിയുടെ ക്ഷേത്രത്തിൽ നിന്നു കുറച്ചു മാറി ഒരു ആലയം പണിത് നീലമ്മപ്പിളള ത്തങ്കച്ചിയെ ചിന്ന യക്ഷിയമ്മയായി കുടിയിരുത്തി ആരാധിച്ചു. ഈ നീലി സങ്കൽപം ആവാഹിച്ചും വിശ്വസിച്ചും പിൽക്കാലത്ത് ഒട്ടേറെ മേലാങ്കോടുക്ഷേത്രങ്ങൾ തിരുവിതാംകോടും ചുറ്റുമുള്ള നാട്ടിലുണ്ടായി. തിരുവിതാംകൂറിന്റെ ഈ ചരിത്ര സത്യമറിയാത്തവർ നീലമ്മപ്പിള്ള തങ്കച്ചിയെ മറ്റു പല സങ്കല്പങ്ങളിലും പ്രതേകിച്ചു പഴവൂർ /പഴയന്നൂർ നീലി അഥവാ മുപ്പന്തൽ നീലി സങ്കല്പത്തിലും ഒക്കെ തെറ്റായി ആരാധിക്കുന്നുണ്ട്. ഇന്നത്തെ പല വിൽപ്പാട്ട് ആശാന്മാരും കലാകാരന്മാരും മേലാങ്കോട് നീലിചരിത്രം മാറ്റി മുപ്പന്തൽ നീലി ആയി ചിത്രീകരിച്ചു പാടാറുണ്ട്. ഈ മേലാംകോട് നീലിയെ തന്നെയാണ് പഞ്ചവൻ കാട്ടിലും കള്ളിയങ്കാട്ടിലും പ്രതിഷ്ഠിച്ചു ആരാധിക്കുന്നത്. പഴവൂരിൽ നടന്ന മുപ്പന്തൽ നീലി കഥയെ സി.വി.രാമൻപിള്ള മാർത്താണ്ഡവർമ്മ എന്ന നോവലിൽ നാഗർകോവിലിലെ പഞ്ചവൻകാട്ടിലുള്ള കള്ളിയങ്കാട്ടുവച്ചു നടക്കുന്നതായി പുനരാഖ്യാനം ചെയ്യുകയും അതേത്തുടർന്ന് പഞ്ചവങ്കാട്ടും കള്ളിയങ്കാട്ടുമുള്ള യക്ഷിയമ്പലങ്ങളിൽ പഴവൂർ യക്ഷി/ മുപ്പന്തൽ നീലിയാണെന്ന് പലരും തെറ്റിദ്ധരിക്കാനിടയായി. നാഗർകോവിലിലും പരിസരത്തുമുള്ള വില്പാട്ടുകാരും സി.വി.യുടെ നോവൽ ഭാഷ്യം പ്രചാരത്തിലാക്കി. അങ്ങനെ മേലാംകോട് നീലി പഴവൂർ നീലി/ മുപ്പന്തൽ നീലിയായി മാറ്റി മറിക്കപ്പെട്ടു. മേലാങ്കോട്ടു നീലിയും കള്ളിയങ്കാട്ടു നീലിയും പഞ്ചവൻകാട്ടു നീലിയും നീലമ്മപ്പിള്ള തങ്കച്ചി എന്ന കൊച്ചുമ്മിണിത്തങ്ക തന്നെയാണ്. പഴവൂർ നീലി മുപ്പന്തൽ വരെ മാത്രമേ വന്നിട്ടുള്ളൂ എന്ന് പഴയ വില്ലു പാട്ടുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ചരിത്ര സത്യങ്ങൾ മറച്ചു വച്ച് എല്ലാ നീലി ( യക്ഷി ) സങ്കല്പങ്ങളെയും ഒന്നിച്ചു ചേർത്ത് പഴവൂർ യക്ഷി /മുപ്പന്തൽ നീലിയാക്കി മാറ്റുന്ന തെറ്റായ രീതിയാണ് കാണുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മല്ലൻ പിള്ള / മല്ലൻ തമ്പുരാൻ

സതി വടിവുച്ചിയമ്മ