മല്ലൻ പിള്ള / മല്ലൻ തമ്പുരാൻ
വേണാട് രാജവംശത്തിലെ 4 ശാഖകളിൽ (ദേശിങ്ങനാട്, ചിറവ സ്വരൂപം അഥവാ തിരുവിതാംകോട്, ഇളയിടത്തു സ്വരൂപം, പേരകത്താവഴി) ഒന്നായ പേരകത്താവഴിയുടെ ആസ്ഥാനമായ നെടുമങ്ങാട് കോയിക്കൽ കൊട്ടാരത്തിൽ താമസിച്ചാണ് ഉമയമ്മറാണി എന്ന വനിത വേണാട് ഭരിച്ചത്. ആദിത്യ വര്മ്മ മഹാരാജാവ് നാടുനീങ്ങിയ ശേഷം AD 1677 മുതൽ 1684 വരെ അദ്ധേഹത്തിന്റെ അനന്തരവള് ഉമയമ്മറാണി അധികാരമേറ്റ് ഭരണം നടത്തിയതും കോട്ടയം കേരളവർമയുടെ സഹായത്തോടെ അക്കാലത്ത് വേണാട് ആക്രമിച്ച മുകിലന്മാരെ അമർച്ച ചെയ്തതും.
ആനാട് പുല്ലേക്കോണത്ത് മല്ലന്പിള്ള എന്ന നായര് സേനാനി റാണിയുടെ വിശ്വസ്തനായ അംഗരക്ഷകനായിരുന്നു. മല്ലന് കൊട്ടാരത്തില് പൂര്ണ സ്വതന്ത്ര്യവും കിട്ടുകയും റാണി മല്ലനോട് പ്രത്യേക വാത്സല്യം കാണിക്കുകയും ചെയ്യുന്നതിൽ അസൂയയും അമര്ഷവും പൂണ്ട മറ്റ് കൊട്ടാരം ഉദ്യോഗസ്ഥർ മല്ലനെതിരെ തിരിയുകയും ഗൂഡാലോചനകളുടെ ഭാഗമായി റാണിയുടെ അനുജത്തി ഇളയമ്മ തങ്കച്ചിയും മല്ലനും പ്രണയ ബദ്ധരാണെന്ന വാര്ത്ത കൊട്ടാരത്തിലും നാട്ടിലും പ്രചരിപ്പിച്ചു. ഇതറിഞ്ഞ റാണി തങ്കച്ചിയും മല്ലനും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാന് കേരള വര്മ്മയുടെ സഹായം തേടി.
ചിങ്ങ മാസത്തിലെ ഉത്രാട രാത്രി റാണി മല്ലനോട് കൊട്ടരത്തിലെത്താന് ആവശ്യപ്പെടുകയും ഔദ്യോഗികചിഹ്നങ്ങള് എല്ലാം അണിഞ്ഞ് മല്ലന് ഉടനെ കൊട്ടാരത്തിലെത്തിലെത്തുകയും ചെയ്തു. കൊട്ടാരത്തിന്റെ തെക്ക് വശത്തുള്ള കോവണിയില് കൂടി മുകളിലേക്ക് പാഞ്ഞ് കയറിയ മല്ലനെ കോവണിയുടെ മുകളില് ഒളിഞ്ഞു നിന്ന കേരള വര്മ്മ വാള് കൊണ്ട് ശിരസ്സറുത്തു. മല്ലന്റെ ശിരസ്സറ്റ മൃതശരീരം പുറത്തേക്ക് മാറ്റാതെ കൊട്ടാരത്തിലെ അറക്കുള്ളിൽ തന്നെ അടക്കം ചെയ്തു.
പിറ്റേന്ന് പതിവുപോലെ കൊട്ടാര മുറ്റത്ത് ആഘോഷങ്ങൾ നടക്കുകയും തിരുവോണസദ്യയുണ്ണാനായി റാണി തങ്കച്ചിയെ വിളിക്കാനായി നിലവറയിലെത്തിയപ്പോൾ ഭിത്തിയില് തലതല്ലി ചോരയില് കുളിച്ച് മരിച്ചു കിടക്കുന്ന തങ്കച്ചിയെയാണ് കണ്ടത്. തങ്കച്ചിയുടെ മൃതദേഹവും മല്ലന് പിള്ളയെ മറവു ചെയ്തതിനടുത്ത് ആയി അറയിൽ തന്നെ സംസ്കരിച്ചു. ഈ രണ്ടു ദുർമരണങ്ങൾക്കും പ്രായച്ചിത്തം ചെയ്യനുറച്ച റാണി, ജ്യോതിഷപ്രശ്നം വയ്പ്പിച്ചു. ജ്യോതിഷിമാരുടെ നിർദ്ദേശപ്രകാര കൊട്ടാരത്തിനുള്ളിൽ മല്ലനെയും തങ്കച്ചിയെയും സംസ്കരിച്ച സ്ഥലം ക്ഷേത്രമാക്കി മാറ്റി മുറ്റത്ത് കല്വിളക്ക് സ്ഥാപിച്ചു. ക്ഷേത്രത്തിൽ പ്രതീകമായി പീഠം വച്ച് മല്ലന് റാണിക്ക് നല്കിയ കലമാനിന്റെ കൊമ്പും ഉടവാളും സ്ഥാപിച്ചു മല്ലൻ തമ്പുരാനായി സങ്കൽപ്പിച്ചു പൂജ നടത്തി. റാണിയുടെ മരണം വരെയും കോയിക്കൽ കൊട്ടാരത്തിലെ ഈ ക്ഷേത്രത്തില് തിരുവോണ ദിവസം പ്രത്യേക പൂജകളും നടത്തിപോന്നിരുന്നു.
പേരകത്താവഴിയുടെയും കോയിക്കൽ കൊട്ടാരത്തിന്റെയും തകർച്ചവരെ മല്ലൻതമ്പുരാന്റെ ക്ഷേത്രത്തില് തിരുവോണഘോഷങ്ങള് നടന്നിരുന്നു. കൊട്ടാരത്തിന്റെ നാശത്തോടെ ഈ ക്ഷേത്രം ഇല്ലാതായിയെങ്കിലുംഇന്നും കൊട്ടാരത്തിനുള്ളില് മല്ലനെ വധിച്ച കൊവണിയില് കയറി ആള്ക്കാര് പ്രാര്ത്ഥിക്കുകയും അടുത്ത കാലം വരെ പഴയ തലമുറക്കാര് തിരുവോണനാളില് മല്ലന്റെ ശിരസ്സറുത്ത ഈ കോവണിയിൽ ഓണക്കൊടിയുമായി കയറി പ്രാര്ഥിക്കുകയും ചെയ്യാറുണ്ട്. ഇപ്പോള് കോയിക്കൽ ശിവക്ഷേത്രത്തിന്റെ തെക്ക് കിഴക്കേ ഭാഗത്ത് ഈ മല്ലന് തമ്പുരാനെ ആവാഹിച്ചു ഇരുത്തി പൂജിക്കുന്നു.
മല്ലൻപിള്ള എന്ന ധീരനും വീരനുമായ നായർ സേനാനിയെ മരണശേഷം മല്ലൻ സ്വാമി, മല്ലൻ തമ്പുരാൻ, മല്ലൻ ദൈവം, മല്ലൻ കാരണവർ എന്നീ പേരുകളിൽ തിരുവനന്തപുരം ജില്ലയിൽ പലയിടത്തും ആരാധിക്കുന്നുണ്ട്. നാട്ടുപ്രമാണി കൂടിയായിരുന്ന മല്ലൻപിള്ളയുടെ മരണം അദ്ദേഹത്തിന്റെ സഹായികൾ ആയ കാണിക്കാർക്ക് അത്യധികം ദുഃഖമുണ്ടാക്കുകയും അവരുടെ പരദേവതാലയങ്ങളിലും കളങ്ങളിലും തങ്ങളുടെ രക്ഷനായ മല്ലൻതമ്പ്രാനെ മല്ലൻ സ്വാമിയായും മല്ലൻ തമ്പുരാനായും സങ്കല്പിച്ചു ആരാധിക്കുകയും ചെയ്തു. എന്നാൽ അജ്ഞത മൂലം ഇന്ന് വേണാട് ചരിത്രത്തിലെ ഈ വീരനെ ചില ജ്യോത്സന്മാരും തന്ത്രിമാരും ക്ഷേത്ര ഭാരവാഹികളും കൂടി ശിവനായി മാറ്റി ചിത്രീകരിച്ചു കാണുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ