സതി വടിവുച്ചിയമ്മ

 

മേലാംകോട് ചെമ്പകവല്ലി(അക്കാളമ്മൻ ) ക്ഷേത്രത്തിൽ മറ്റു രണ്ടു പ്രതിഷ്ഠകൾ കൂടിയുണ്ട്. അവ വടിവുച്ചിയമ്മയുടെയും കുലശേഖരൻ തമ്പുരാന്റെയും വിഗ്രഹങ്ങൾ ആണ്. ഈ പ്രതിഷ്ഠകളെ സംബന്ധിച്ച ഐതീഹ്യം കന്നടിയൻ പോര് എന്ന തെക്കൻ പാട്ടിന്റെ ഇതിവൃത്തം ആണ്. അനുരാഗത്തിന്റെ തീവ്രതയാൽ തന്റെ പ്രണയിതാവിന്റെ ജഡത്തെ വിവാഹം ചെയ്തശേഷം സതി വരിച്ച വീരാംഗനയായ "വടിവുക്കരശ്ശി", "വടുക നാച്ചിയമ്മ" അഥവാ "വടുവച്ചിയമ്മ" എന്ന വടുക രാജകുമാരിയുടെ കഥയാണ് കന്നടിയാൻ പോരിന്റെ ഉള്ളടക്കം.
AD 1265 -)o ആണ്ട് കുലശേഖരൻ എന്ന പാണ്ഡ്യരാജാവും അദ്ദേഹത്തിന്റെ 4 അനുജൻമാരും ചേർന്ന് തിരുനെൽവേലി ജില്ലയിലെ വള്ളിയൂർ എന്ന സ്ഥലത്ത് ഒരു കോട്ട പണിഞ്ഞ് അവിടെ രാജ്യഭാരം ആരംഭിച്ചു. അക്കാലയളവിൽ കാഞ്ചീപുരത്തിന്ന് വടക്ക് കന്നടിയൻ എന്ന ഒരു വടുക രാജാവും ജീവിച്ചിരുന്നു. അദ്ദേഹത്തിന് അതിസുന്ദരി ആയ ഒരു മകളുണ്ടായിരുന്നു. ഒരിക്കൽ നാടുകളും രാജ കൊട്ടാരങ്ങളും ചുറ്റിക്കറങ്ങി രാജകുമാരൻമാരുടെയും രാജകുമാരിമാരുടെ യുമൊക്കെ ചിത്രങ്ങൾ വരയ്ക്കുകയും അവരുടെ സൗന്ദര്യം വർണ്ണിക്കുകയും ചെയ്യുന്ന ഒരു കൂട്ടം നാടോടികൾ വടുക രാജാവിന്റെ കൊട്ടാരത്തിൽ എത്തുകയും കുലശേഖരപാണ്ഡ്യൻ തന്റെ ചിത്രം കാണിച്ച് ഗുണഗണങ്ങൾ വിവരിച്ചു. ആ അഭൗമ സൗന്ദര്യത്തിൽ ആകൃഷ്ടയായ രാജകുമാരി തന്റെ വരനായി അദ്ദേഹത്തെ നിശ്ചയിക്കുകയും മകളുടെ ഇഷ്ടമറിഞ്ഞ വടുക രാജാവ് തന്റെ മകളെ വിവാഹം കഴിക്കണമെന്ന് കുലശേഖരനോട് അഭ്യർത്ഥിച്ചു. എന്നാൽ വടുക രാജാവിന്റെ കുലം തന്റെതിൽ നിന്നും കുറഞ്ഞതായതിനാൽ അവരുമായുള്ള ബന്ധം തനിക്ക് അഹിതം ആണെന്ന് മറുപടി നൽകി. ഇത് കന്നടിയനെ ചൊടിപ്പിക്കുകയും കുലശേഖരനുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. കുലശേഖരനെ തോൽപ്പിച്ച് ബന്ധനസ്ഥനാക്കി തന്റെ മകളെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കും എന്ന് കന്നടിയൻ പ്രതിജ്ഞയെടുത്തു.
വടുക രാജാവ് തന്റെ സൈന്യസമേതം വള്ളിയൂർ എത്തി കോട്ട വളയുകയും കുലശേഖര പാണ്ഡ്യനും ആയി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. പലതവണ യുദ്ധത്തിൽ തോറ്റെങ്കിലും ഒടുവിൽ കന്നടിയൻ കുലശേഖര പാണ്ഡ്യനെ ബന്ധനസ്ഥനാക്കി. യുദ്ധത്തിൽ പരാജിതനായി പിടിക്കപ്പെട്ട കുലശേഖര പാണ്ഡ്യനെ സൈനികർ ഒരു പല്ലക്കിൽ കയറ്റി വടുകരാജാവിന്റെ അടുക്കലേക്ക് കൊണ്ടുപോയി. തടവുകാരനായി കന്നടിയന്റെ കൊട്ടാരത്തിൽ എത്തുന്നതിനേക്കാൾ നല്ലത് ജീവത്യാഗം ചെയ്ത അഭിമാനം സംരക്ഷിക്കുന്നത് ആണെന്ന് ഉറപ്പിച്ച കുലശേഖരൻ രഹസ്യമായി അരയിൽ സൂക്ഷിച്ചിരുന്ന കഠാര കൊണ്ട് ആത്മഹത്യ ചെയ്തു.
ഇതേസമയം കുലശേഖരനെ എതിരേൽക്കാൻ ആയി കന്നടിയൻ തന്റെ പുത്രിയോടൊപ്പം തിരുനെൽവേലിയിലുള്ള വടുകച്ചിമലക്ക് സമീപം കാത്തുനിൽക്കുകയായിരുന്നു. കുലശേഖരൻ ആത്മഹത്യചെയ്തത് അറിയാതെ പല്ലക്ക്ചുമട്ടുകാർ വടുകരാജാവിന്റെ സമീപത്തു എത്തുകയും മറനീക്കി നോക്കിയപ്പോൾ കുലശേഖര പാണ്ഡ്യന്റെ മൃതദേഹം കാണുകയും ചെയ്തു. ദുഃഖിതനായ അദ്ദേഹം തന്റെ പുത്രിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ മഹതി തന്റെ നിശ്ചയദാർഢ്യത്തിൽ നിന്നും പിന്മാറിയില്ല. മകളുടെ നിർബന്ധത്തിനു വഴങ്ങി കന്നടിയൻ മൃതദേഹം കുളിപ്പിച്ചു വിശേഷ വസ്ത്രങ്ങൾ ധരിപ്പിച്ചു വരന്റെ സ്ഥാനത്ത് കിടത്തി മകളുമായി വിവാഹം നടത്തി. രാജകുമാരി ആ മൃതദേഹത്തിൽ വരണമാല്യം ചാർത്തി തന്റെ ജീവിത അഭിലാഷം സഫലമാക്കി. തുടർന്ന് ചിതയൊരുക്കി കുലശേഖര പാണ്ഡ്യനെ ദഹിപ്പിക്കുകയും രാജകുമാരിയായ വടുകനാച്ചിയമ്മ ആ ചിതയിൽ ചാടി സതി അനുഷ്ഠിക്കുകയും ചെയ്തു. സതിയായി തീരും മുൻപ് തനിക്കും തമ്പുരാനും ഒരു ക്ഷേത്രം പണിയണമെന്ന് വടിവുച്ചിയമ്മ രാജാവിനെ അറിയിച്ചു. തുടർന്ന് സതി അനുഷ്ഠിക്കപെട്ട വടുകച്ചിമതിൽ എന്ന സ്ഥലത്ത് കന്നടിയൻ തന്റെ മകൾക്കും അവരുടെ പ്രാണനാഥനും ഒരു ക്ഷേത്രം പണിയുകയും അതിനുശേഷം തന്റെ രാജ്യത്തേക്ക് മടങ്ങിപ്പോവുകയും ചെയ്തു.
ഈ സംഭവം നടക്കുന്ന കാലത്ത് വള്ളിയൂർ വേണാടുമായി ബന്ധമുള്ള പ്രദേശമായിരുന്നു. പാണ്ഡ്യ വംശത്തിലെ ഒരു ശാഖയിൽ പെട്ട രാജാക്കന്മാരായിരുന്നു അന്ന് വള്ളിയൂർ ഭരിച്ചിരുന്നതും പിൽക്കാലത്ത് അവിടം തിരുവിതാംകോട്ടേക്ക് ചേരുകയും ചെയ്തു. ഈ സംഭവുമായി ബന്ധപ്പെട്ട് തിരുനെൽവേലി പ്രദേശത്തും കന്യാകുമാരി ജില്ലയിലും പല ആരാധനാലയങ്ങൾ ഉള്ളതായി കാണുന്നു. കന്യാകുമാരി ജില്ലയിലെ മേലാംകോട് അക്കാളമ്മൻ കോവിലിൽ സതി വടിവുച്ചിയമ്മക്കും കുലശേഖരൻ തമ്പുരാനും സതി ചെമ്പകവല്ലിയോടൊപ്പം സ്ഥാനം നൽകിയിരിക്കുന്നത് കുലശേഖര പാണ്ട്യന് വേണാടുമായുള്ള ബന്ധതിന് ഉദാഹരണമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മല്ലൻ പിള്ള / മല്ലൻ തമ്പുരാൻ

മേലാംകോട് നീലി /തങ്കച്ചി കോവിൽ യക്ഷി അമ്മൻ